ട്വന്റി 20: യുവരാജിന്റെ മികവില്‍ ഇന്ത്യക്ക് ജയം

ജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരായ ഏക ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഇന്ത്യ ആറ് വിക്കറ്റിന് ഓസീസിനെ തോല്‍പിച്ചു. ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയ യുവരാജ് സിംഗിന്റെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യയുടെ വിജയം. 35 പന്തില്‍ പുറത്താവാതെ 77 റണ്‍സാണ് യുവരാജ് ഇന്ത്യയുടെ വിജയശില്‍പിയായത്.
201 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു പന്തും ആറ് വിക്കറ്റും ശേഷിക്കേ ലക്ഷ്യത്തിലെത്തി. എട്ട് ഫോറുകളും അഞ്ച് കൂറ്റന്‍ സിക്‌സറുകളും അടങ്ങുന്നതായിരുന്നു യുവരാജിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ എം എസ് ധോണി 21 പന്തില്‍ 24 റണ്‍സുമായി പുറത്താവാതെ നിന്നു.
രോഹിത് ശര്‍മ (8), ശിഖര്‍ ധവാന്‍ (19 പന്തില്‍ അഞ്ച് ഫോറുകളോടെ 32 റണ്‍സ്) സുരേഷ് റെയ്‌ന (19) വിരാട് കോലി (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തേ, ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ 201 റണ്‍സെടുത്തത്. 52 പന്തില്‍ 89 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ഓസീസ് ഇന്നിംഗ്‌സിന്റെ നട്ടെല്ല്. 14 ഫോറുകളും ഒരു സിക്‌സറും അടങ്ങിയതാണ് ഫിഞ്ചിന്റെ ഇന്നിംഗ്‌സ്.
മാഡിന്‍സന്‍ 34 റണ്‍സും മാക്‌സ് വെല്‍ 27 റണ്‍സുമെടുത്തു. ഇതേസമയം വാട്‌സന്‍ ആറ് റണ്‍സിനും നായകന്‍ ബെയ്‌ലി റണ്‍സൊന്നുമെടുക്കാതെയും പുറത്തായി.
ഭുവനേശ്വര്‍ കുമാറും വിനയ് കുമാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശേഷിച്ച വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കാണ്.