|

ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ വാശി വേണ്ടെന്ന് ഹൈക്കമാന്‍ഡ്; തീരുമാനം മാണിക്ക് എടുക്കാം

തിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ വാശി കാണിക്കേണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി. -സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ വിവിധ നേതാക്കള്‍ പ്രകടിപ്പിച്ച പൊതുവികാരത്തിന്റെ പശ്ചാത്തലത്തിലാണിത്.

കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഇക്കാര്യം സംസാരിച്ചതായാണു വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേരള കോണ്‍ഗ്രസ് എം. നേതൃത്വത്തെ ജോര്‍ജിന്റെ പേരില്‍ പിണക്കേണ്ടെന്നാണ് തീരുമാനത്തിന്റെ കാതല്‍. മറിച്ച്, കേരള കോണ്‍ഗ്രസ് നേതൃത്വം, പ്രത്യേകിച്ചും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ജോര്‍ജിനെ തള്ളിപ്പറഞ്ഞാല്‍ കോണ്‍ഗ്രസിന് അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റാന്‍ ഇടപെടാം എന്നും ധാരണയായിട്ടുണ്ടത്രേ. ജോര്‍ജ് പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അത് കേരള കോണ്‍ഗ്രസിന്റെ നിലപാടുകളല്ല എന്നും മാണി പരസ്യമായി വ്യക്തമാക്കിയെങ്കിലും ജോര്‍ജിനെ ശാസിക്കാനോ, തള്ളിപ്പറയാനോ അദ്ദേഹം തയ്യാറായിട്ടില്ല.


അതേസമയം, ജോര്‍ജ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും മുന്നണിയെ എല്ലായ്‌പോഴും വിവാദത്തില്‍ നിലനിര്‍ത്തുന്നതും യു.ഡി.എഫ്. സര്‍ക്കാരിന്റെ ചീഫ് വിപ്പ് ആയിരുന്നുകൊണ്ട് യു.ഡി.എഫ്. മന്ത്രിമാരെ പരസ്യമായി കുറ്റം പറയുന്നതും അവസാനിപ്പിക്കണം എന്ന് പി.സി. ജോര്‍ജിനോട് അദ്ദേഹത്തിന്റെ പാര്‍ട്ടി രേഖാമൂലം ആവശ്യപ്പെടണം എന്ന് മുന്നണി നേതൃത്വം കത്തു നല്‍കിയേക്കും. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്ക് തീരുമാനമെടുക്കാം എന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ട് എന്നു വിശദീകരിച്ച് പി.സി. ജോര്‍ജ് നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവു കാണുമെന്നാണ് ജോര്‍ജിന്റെ ഇപ്പോഴത്തെയും നിലപാട്. ഈ സാഹചര്യത്തില്‍ ജോര്‍ജിനെതിരെ നടപടിക്ക് കടുത്ത സമ്മര്‍ദത്തിനു മുതിരേണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട് എന്ന് അറിയുന്നു. അതിന് അനുസരിച്ച് എ ഗ്രൂപ്പ് നിലപാട് മയപ്പെടുത്തിയിട്ടുമുണ്ട്.

കെ.പി.സി.സിയില്‍ അണ്ടനും അടകോടനുമാണ് ഉള്ളതെന്നും മറ്റും പറഞ്ഞുപോയതില്‍ പി.സി. ജോര്‍ജ് ഖേദം പ്രകടിപ്പിച്ചത് കണക്കിലെടുത്തും, മുന്നണിയുടെ പൊതുവായ താല്പര്യം പരിഗണിച്ചും ജോര്‍ജ് വിഷയത്തില്‍ കടുത്ത നിലപാടിന് ഇല്ല എന്ന തരത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ വിശദീകരണം. എന്നാല്‍ എ ഗ്രുപ്പുകാരന്‍ തന്നെയായ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.സി. ജോര്‍ജും തമ്മിലുള്ള പോര് തുടരുമെന്നുതന്നെയാണു സൂചന. മന്ത്രിസഭാ രഹസ്യങ്ങള്‍ ചോര്‍ത്തുന്നവര്‍ ക്യാബിനറ്റിലുണ്ട് എന്ന് ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞതും തിരുവഞ്ചൂരിനെ ഉന്നംവച്ചാണെന്നു പ്രചരിപ്പിക്കുന്നവര്‍ മുന്നണയിലുണ്ട്.

ജോര്‍ജിനെതിരെ ശക്തമായ നടപടി വേണമെന്ന് കെ.പി.സി.സി. ഭാരവാഹികളിലെ ഐ ഗ്രൂപ്പുകാരും എ ഗ്രൂപ്പുകാരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ശക്തമായ നിലപാട് എടുത്തിരിക്കെ, അവരെ മയപ്പെടുത്തി ഹൈക്കമാന്‍ഡിന്റെ പുതിയ സമാശ്വാസ പാക്കേജ് വിശദീകരിക്കാന്‍ രണ്ടു ഗ്രൂപ്പിന്റെയും നേതൃത്വം വല്ലാതെ ബുദ്ധിമുട്ടേണ്ടിവരും. ഇത് രണ്ടു ഗ്രൂപ്പും സമ്മതിക്കുന്നുണ്ട് എന്നതാണു പ്രത്യേകത. കോണ്‍ഗ്രസുകാരെ ആക്ഷേപിക്കുന്ന അണ്ടനെയും അടകോടനെയും കൈകാര്യം ചെയ്യും എന്ന് ജോര്‍ജിനെ താക്കീത് ചെയ്ത കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസനും ഹൈക്കമാന്‍ഡിന്റെ പുതിയ നിലപാടിന്റെ പശ്ചാത്തലത്തില്‍ നിശബ്ദനാകേണ്ടി വരും.

kvartha.com

Posted by Admin on 06:19. Filed under , , , , , , . You can follow any responses to this entry through the RSS 2.0. Feel free to leave a response

0 comments for " ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ വാശി വേണ്ടെന്ന് ഹൈക്കമാന്‍ഡ്; തീരുമാനം മാണിക്ക് എടുക്കാം"

Leave a reply