പൃഥ്വിരാജിന് പിറന്നാൾ
2002ൽ നന്ദനം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയതാണ് നടൻ പൃഥ്വിരാജ്. 11 വർഷങ്ങൾക്കിപ്പുറത്ത് മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായ നടൻ എന്ന വിശേഷണവും പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്നു. കഠിനാദ്ധ്വാനത്തിന്റെ പടവുകൾ ചവിട്ടിക്കറിയാണ് പൃഥ്വിരാജ് ഇന്നത്തെ നിലയിലെത്തിയത്. അതിന്റെ തെളിവാണ് ഇരുപത്തിനാലാം വയസിൽ ലഭിച്ച മികച്ച നടനുള്ള പുരസ്കാരം. മലയാളത്തിലെ ആ യുവനടൻ ഇന്ന് മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്.പരാജയങ്ങളിൽ നിന്നായിരുന്നു പൃഥ്വിയുടെ യാത്രയെന്നതും ശ്രദ്ധേയമാണ്. നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരൻ, സ്റ്റോപ്പ് വയലന്‍സ്, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, സത്യം തുടങ്ങിയ ചിത്രങ്ങൾ പൃഥ്വിയുടെ കരിയറിൽ തന്നെ കറുത്ത നിഴൽ വീഴ്ചത്തുന്പോഴാണ് കമൽ സംവിധാനം ചെയ്ത സ്വപ്നക്കൂട് എന്ന സിനിമയിൽ പൃഥ്വി അഭിനയിക്കുന്നത്. യുവത്വത്തിന്റെ കഥ പറഞ്ഞ ആ ചിത്രം പ്രേക്ഷകർ നെഞ്ചേറ്റിയതോടെ പൃഥ്വിയും താരമാകുകയായിരുന്നു. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഉണ്ടായിരുന്ന ചിത്രത്തിൽ അവർക്ക് കിട്ടാതെ പോയ എന്തോ ഒരംഗീകാരം പൃഥ്വിരാജിന് കിട്ടുകയായിരുന്നു. പിന്നീട് നല്ല സിനിമകളും കൊമേഴ്സ്യല്‍ ചിത്രങ്ങളിലൂടെയും പൃഥ്വി ഒരു പോലെ മുന്നോട്ട് പോയി. അമ്മക്കിളിക്കൂട്, ചക്രം, അകലെ, വര്‍ഗം, വാസ്തവം, തിരക്കഥ, ദൈവനാമത്തില്‍ തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്ത ഭാവങ്ങളില്‍ പൃഥ്വിയെ നാം കണ്ടു. അതില്‍ വാസ്തവം എന്ന ചിത്രത്തിലെ അഭിനയമാണ് പൃഥ്വിക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിക്കാൻ ഇടയാക്കിയത്.
സ്വപ്നക്കൂടിന് ശേഷം കോളേജ് ക്യാന്പസിലെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പകയുടെയും കഥ പറഞ്ഞ ക്ളാസ്മേറ്റ്സ് എന്ന സിനിമ ശ്രദ്ധേയമായി. ചോക്ളേറ്റ് നടന്റെ റോളിൽ അഭിനയിക്കുന്പോഴും തിരക്കഥ, മഞ്ചാടിക്കുരു, തലപ്പാവ് തുടങ്ങിയ ചിത്രങ്ങളിൽ ഇരുത്തം വന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പൃഥ്വി തയ്യാറായി. 2005ല്‍ കനാ കണ്ടേന്‍ എന്ന ചിത്രത്തിലൂടെ പൃഥ്വി തമിഴിലുമെത്തി. മണിരത്നത്തിന്റെ രാവൺ എന്ന ചിത്രത്തില്‍ വിക്രമിനൊപ്പം പൃഥ്വി മത്സരിച്ചഭിനയിച്ചു. അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധ നേടിയ വീട്ടിലേക്കുള്ള വഴി എന്ന സിനിമയിലും പൃഥ്വിരാജ് നായകനായി. രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിൽ പക്വതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് ആരാധകരുടെ മനസിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പിന്നീട് തേടിവന്ന കഥാപാത്രങ്ങളും ഏതാണ്ട് അങ്ങനെയുള്ളവ തന്നെയായിരുന്നു. അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ ഡോ.രവി തരകൻ എന്ന കഥാപാത്രത്തെ വളരെ തന്മയിത്വത്തോടയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. മെഡിക്കല്‍ വിദ്യാർത്ഥിയായും അലസനും കാര്യങ്ങളെ നിസാരമായി കാണുന്ന ഡോക്ടറായും പിന്നീട് മുതിർന്ന ഒരു ഡോക്ടറുടെ വേഷത്തിലും ആ സിനിമയിൽ എത്തി ഈ യുവനടൻ. ഇന്ത്യൻ സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ ജീവിതകഥ പറഞ്ഞ സെല്ലുലോയ്ഡ് എന്ന സിനിമയിലെ അഭിനയം പൃഥ്വിയുടെ അഭിനയമികവിന്റെ മറ്റൊരു ഉദാഹരണമായി. ഈ ചിത്രത്തിലെ അഭിനയത്തിന് 2012ലെ മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. ഇതിനിടയിൽ ബോളിവുഡിലും തന്റെ കഴിവ് തെളിയിച്ചു പൃഥ്വി.അഭിനേതാവിന്റെ വേഷത്തിനൊപ്പം നിര്‍മ്മാതാവിന്റെ മേലങ്കിയും അണിഞ്ഞു പൃഥ്വി. സന്തോഷ് ശിവനൊപ്പം ചേര്‍ന്ന് പൃഥ്വി നിര്‍മ്മിച്ച ഉറുമി ദേശീയതലത്തിൽ വരെ ശ്രദ്ധേയമായി. ഉയരങ്ങളിൽ നിൽക്കുന്പോഴും തനിക്ക് ലഭിക്കുന്ന പുതിയ കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി കഠിനമായി പരിശ്രമിക്കാനും പൃഥ്വി എപ്പോഴും തയ്യാറാകുന്നു. അതാണ് ഈ യുവനടന്റെ വിജയരഹസ്യവും.